രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആർ ആർ ആറിന്റെ പുതിയ ടീസർ പുറത്തുവിട്ടു. തിയേറ്ററുകളെ ചിത്രം ഇളക്കി മറിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് പുതിയ ടീസർ. ചിത്രം 2022 ജനുവരി 7 ന് തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

450 കോടി മുതല്‍ മുടക്കിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി നേടി. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം. സീ 5,നെറ്റ്ഫ്‌ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *