ന്യൂഡൽഹി: ഇരട്ട പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. കർണാടക സ്വദേശിയുടെ ഹർജിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 28ന് ലഖ്‌നൗവിലെ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകനായ എസ് വിഘ്‌നേഷ് ശിശിറാണ് ഹർജി സമർപ്പിച്ചത്. ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.
റായ് ബറേലിയിലെ പ്രത്യേക കോടതിയിലാണ് ആദ്യം പരാതി ഫയൽ ചെയ്തത്. 2025 ഡിസംബർ 17ന് അലഹബാദ് ഹൈക്കോടതി കേസ് ലഖ്‌നൗവിലേക്ക് മാറ്റി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ കോടതി നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
