കോഴിക്കോട്: കടലോര നഗരമായ കോഴിക്കോട് കടപ്പുറത്ത് ഇന്ന് വ്യത്യസ്തമായൊരു രുചിയനുഭവമാണ് നാട്ടുകാരെയും സന്ദർശകരെയും ആകർഷിക്കുന്നത്. ഭർത്താവ് ജംഷീറും ഭാര്യ കാർമൻ റോസയും ചേർന്നാണ് പെറുവിന്റെ പരമ്പരാഗത വിഭവങ്ങളും ഹെൽത്തി ഡ്രിങ്കുകളും അവതരിപ്പിച്ച് ശ്രദ്ധ നേടുന്നത്.
ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നുള്ള കാർമൻ റോസ, ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ ഷെഫായി ജോലി ചെയ്യുന്നതിനിടെയാണ് ജംഷീറുമായി പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് വഴിമാറി. ഏകദേശം ഒൻപത് വർഷങ്ങൾക്ക് മുമ്പാണ് ഇവർ വിവാഹിതരായത്.
കോഴിക്കോട് തോട്ടുമുക്കം സ്വദേശിയായ ജംഷീറിനൊപ്പം ഇന്ത്യയിലെത്തിയ കാർമൻ റോസയ്ക്ക് ആദ്യകാലത്ത് സംസ്കാര വ്യത്യാസങ്ങൾ വലിയ വെല്ലുവിളിയായിരുന്നു. ലാറ്റിൻ അമേരിക്കയിലെ സ്വതന്ത്ര ജീവിതരീതിയിൽ നിന്നു കേരളത്തിന്റെ കുടുംബകേന്ദ്രിത സംസ്കാരത്തിലേക്ക് പൊരുത്തപ്പെടാൻ ഏകദേശം രണ്ട് വർഷം എടുത്തതായി ദമ്പതികൾ പറയുന്നു. എന്നാൽ പിന്നീട് കുടുംബജീവിതത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞു.
ഇപ്പോൾ രണ്ട് മക്കളോടൊപ്പം സന്തോഷകരമായ ജീവിതമാണ് ഇവർ നയിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ച ചെറിയ സംരംഭത്തിലൂടെ പെറുവിന്റെ പ്രത്യേക വിഭവങ്ങളായ സാൻഡ്വിച്ചുകൾ, ക്വിനോവ (Quinoa) അടിസ്ഥാനമാക്കിയ ഹെൽത്ത് ഡ്രിങ്കുകൾ, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയാണ് ഇവർ ഒരുക്കുന്നത്.
പ്രത്യേകിച്ച് “കിനുവ” (Quinoa) ഉപയോഗിച്ച് തയ്യാറാക്കുന്ന ഡ്രിങ്ക് ഏറെ ശ്രദ്ധ നേടുന്നു. പൈനാപ്പിൾ അടക്കമുള്ള പഴങ്ങളുമായി മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഈ പാനം ആരോഗ്യപ്രദവുമാണ്, രുചിയിൽ വ്യത്യസ്തവുമാണ്. പെറുവിലെ ഒരു ട്രഡീഷണൽ ഫുഡായ ഈ വിഭവം നാട്ടുകാരിൽ നല്ല സ്വീകാര്യത നേടിക്കഴിഞ്ഞു.
മലയാളം പഠിച്ച് സ്വാഭാവികമായി സംസാരിക്കുന്ന കാർമൻ റോസ, നാട്ടുകാരുമായി എളുപ്പത്തിൽ ഇടപഴകുന്നുവെന്നതും ശ്രദ്ധേയമാണ്. സംസ്കാര വ്യത്യാസങ്ങളെ മറികടന്ന് കുടുംബജീവിതത്തിലും സംരംഭത്തിലും വിജയകരമായി മുന്നേറുന്ന ഈ ദമ്പതികൾ, കോഴിക്കോട് കടപ്പുറത്ത് ഒരു വ്യത്യസ്ത അനുഭവമായി മാറിയിരിക്കുകയാണ്
