കോഴിക്കോട്: നഗരത്തിൽ രാസ ലഹരിക്കെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ, ഡാൻസാഫ് സംഘവും നല്ലളം പോലീസും ചേർന്ന് നടത്തിയ രാത്രിഓപ്പറേഷനിൽ 123 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേരെ പിടികൂടി. മധുര ബസാർ പ്രദേശത്ത് പുലർച്ചെ 2 മണിയോടെയായിരുന്നു പരിശോധന നടത്തിയതിനെതുടർന്ന് പ്രതികൾ പിടിയിലാവുന്നത്.
ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതികൾ വലിയ അളവിൽ എംഡിഎംഎ നഗരത്തിലെത്തിച്ചെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
മധുര ബസാറിലെ ഒരു ചെരിപ്പ് ഗോഡൗണിന്റെ മറവിൽ ലഹരി വസ്തു എത്തിച്ച് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ വിദ്യാർത്ഥികളാണ് പ്രധാനമായും ലഹരി വാങ്ങാൻ എത്തുന്നതെന്നും, നിരവധി പെൺകുട്ടികളും ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയതായി പ്രതികൾ മൊഴി നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിടിയിലായ ആശിക്കും ജാസിറും മുൻപ് എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയവരാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ ലഹരി വിതരണ ശൃംഖലയെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്
