പൊള്ളുന്ന ചൂടിൽ വലയുകയാണ് സംസ്ഥാനം. ചൂടിനൊപ്പം തന്നെ ഉയർന്ന അൾട്രാവയറ്റ് സൂചികയാണ് സംസ്ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൂട് കടുത്ത സാഹചര്യത്തിൽ കേരളത്തിൽ ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് താപനില മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇതുവരെ രേഖപ്പെടുത്തിയ താപനില.
കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസും , കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും
ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസമാണ് ഇന്നലെ രേഖപ്പെടുത്തിയത്. സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് താപനില.
