തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ശ്രീലേഖ ഉൾപ്പെടെ 20 പേർക്കാണ് പോലീസ് നോട്ടീസ് അയക്കുന്നത്.

ആദ്യഘട്ടത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. എന്നാൽ മുൻ ഡിജിപിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ, ശ്രീലേഖ ഉൾപ്പെടെ 20 പേരെ ഉൾപ്പെടുത്തി നെടുമങ്ങാട് കോടതിയിൽ പോലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു. നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് രേഖപ്പെടുത്തില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വട്ടിയൂർക്കാവിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സ്റ്റേഷൻ മാർച്ചിലായിരുന്നു പോലീസിനെതിരെ ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളി ഉയർന്നത്. “പോടാ പുല്ലേ പോലീസേ” എന്ന അധിക്ഷേപകരമായ മുദ്രാവാക്യം മുൻ ഡിജിപി തന്നെ വിളിച്ചത് ഐപിഎസ് അസോസിയേഷനടക്കം സേനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്കും അതൃപ്തിക്കും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *