തമിഴ്‌നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പിന്നാലെ ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യം ഡിഎംകെ ഔദ്യോഗികമായി അവസാനിപ്പിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതായി വ്യക്തമാക്കി ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി കരുണാനിധി ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചു. സഭയിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

പാർലമെന്റിൽ ഇനി മുതൽ സ്വതന്ത്രമായ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്ന് കനിമൊഴി വ്യക്തമാക്കി. സഖ്യം അവസാനിപ്പിച്ച സാഹചര്യത്തിൽ എംപിമാർക്ക് സഭയിൽ പ്രത്യേക സീറ്റുകൾ അനുവദിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കനിമൊഴി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവർണ്ണർ പദവിക്കെതിരെയും കനിമൊഴി രൂക്ഷവിമർശനം ഉന്നയിച്ചു. ഗവർണ്ണർ പദവി അനാവശ്യമാണെന്നതാണ് ഡിഎംകെയുടെ എക്കാലത്തെയും നിലപാടെന്നും നിലവിലെ സാഹചര്യം ഈ ആവശ്യത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. അതേസമയം, എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാൻ ഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകുമെന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കനിമൊഴി തള്ളിക്കളഞ്ഞു. ഇത്തരം വാർത്തകൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *