കണ്ണൂർ: യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഇതിനിടെ കണ്ണൂർ പഴയങ്ങാടിയിൽ സ്ഥാപിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയിൽ പ്രയോഗം ഉണ്ടായി. വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡിൽ വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്.
സംഭവം രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാതിരിക്കാൻ പോലീസ് ജാഗ്രതയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസിനുള്ളിലെ തന്നെ ഗ്രൂപ്പ് തർക്കമാണോ അതോ മറ്റു രാഷ്ട്രീയ പാർട്ടികൾ സാഹചര്യം മുതലെടുത്തതാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും സമാനമായ രീതിയിൽ കെ.സി. വേണുഗോപാലിനെതിരെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ വലിയ രീതിയിലുള്ള ചർച്ചകളും പോരും മുറുകുന്നതിന്റെ സൂചനയായാണ് പഴയങ്ങാടിയിലെ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
