ഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. 22 ലക്ഷത്തിലധികം വിദ്യാർഥികളുടെ കഠിനാധ്വാനവും സ്വപ്നങ്ങളും അഴിമതി നിറഞ്ഞ ബിജെപി ഭരണകൂടം തകർത്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സത്യസന്ധരായ വിദ്യാർഥികൾ ശിക്ഷ അനുഭവിക്കുന്നു. ഇത് വെറുമൊരു പരാജയം മാത്രമല്ല, രാജ്യത്തെ യുവാക്കളോട് ചെയ്ത കുറ്റകൃത്യമാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

അതേസമയം, പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നാഷണൽ സ്റ്റുഡൻസ് യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി. മുദ്രാവാക്യം വിളിച്ചും, പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശാസ്ത്രിഭവന് പുറത്ത് പ്രതിഷേധിക്കാനെത്തിയവരെ ബാരിക്കേഡുകൾ വച്ചാണ് പൊലീസ് തടഞ്ഞത്.

പരീക്ഷ റദ്ദാക്കിയത് മാസങ്ങളോളം കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് ദോഷകരമായി ബാധിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അത് പരീക്ഷാർഥികളിൽ സമ്മർദമുണ്ടാക്കുന്നതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്നാണ് മെയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും പുനഃപരീക്ഷയ്ക്ക് പുതിയ രജിസ്ട്രേഷനും പരീക്ഷാ ഫീസും ആവശ്യമില്ലെന്നും എൻ‌ടി‌എ വ്യക്തമാക്കി. 22 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും എൻടിഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *