പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണെന്നും ഇത്തരം പ്രവണതകൾ ഇതാദ്യമായല്ലെന്നും എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ടെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.
ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണെന്നും വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ലയെന്നും പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
