തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും നേമം നിയുക്ത എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
സതീശന് ഫോണില്‍ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചു. ബി.ജെ.പി, എന്‍.ഡി.എ മുന്നണിയിലെ സഹ എം.എല്‍.എമാരും സഹപ്രവര്‍ത്തകരും മെയ് 18ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം സതീശനെ ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിക്കുന്നത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വന്‍ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയും മുന്നണിയും. ഒരുലക്ഷത്തോളം പേര്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലും പുറത്തുമായി ഒരുക്കുക. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് അയച്ചു. വിജയ്ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് കത്തയച്ചിട്ടുണ്ട്.
10 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തലസ്ഥാനത്തെത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നാണ് വിവരം.സംസ്ഥാനത്തെമ്പാടുമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തും.
