തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തികഞ്ഞ രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വെച്ചുള്ള ഈ നീക്കത്തിനെതിരെ ഇന്ന് വൈകുന്നേരം ബ്രാഞ്ച് തലങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംയുക്ത ആവശ്യമായി മാറിയിരിക്കുകയാണ്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതും, ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയെ കണ്ടതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലായിരുന്നുവെന്നും, പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ഇഡി നടപടിയില്‍ സിപിഎമ്മിന് യാതൊരു ആശങ്കയുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേസില്‍ ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പിണറായി വിജയന്‍ നിലവില്‍ പ്രതിയുമല്ല. എന്നിട്ടും അദ്ദേഹത്തെ ഇഡി തടഞ്ഞുവെച്ചിരിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് അതിക്രമങ്ങളെ നേരിട്ട് കടന്നുവന്ന നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തെ ഇത്തരം നീക്കങ്ങളിലൂടെ തളര്‍ത്താനാകില്ലെന്നും, ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഇത് പിണറായി വിജയനെതിരായ കേസ് എന്നതിലുപരി കേരളത്തിലെ സിപിഎമ്മിനെതിരായ കേസാണ്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള അവസാന ആയുധമായാണ് ഏജന്‍സികള്‍ ഇതിനെ കാണുന്നത്. വ്യാജമായി കെട്ടിച്ചമച്ച ഈ കേസിനെയും റെയ്ഡിനെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *