തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) തയ്യാറാക്കിയ നിർണ്ണായക റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നതിൽ ആഭ്യന്തര സെക്രട്ടറി വരുത്തിയ 14 ദിവസത്തെ കാലതാമസം വിവാദമായ സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ തീരുമാനമെടുക്കുന്നത്. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി പരിശോധിക്കും.
ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾ കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകർ ലംഘിക്കുന്നതായി ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദിത്യവർമ്മയുടെ അടുപ്പക്കാരായ ഗണപതി വി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടയ്ക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് എന്നിവർ സുരക്ഷാ സ്ക്രീനിങ് പോലും കൂടാതെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതെന്നും പുറത്തിറങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ സ്ഥാനമാനങ്ങൾ നോക്കാതെ എല്ലാവർക്കും കർശനമായ പരിശോധന ഏർപ്പെടുത്തണമെന്ന് ഡിജിപി ശുപാർശ ചെയ്യുന്നു.
ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രം പതിച്ച ‘വൈരനാമം’ ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷണം പോയെന്നാണ് പൊലീസ് മേധാവിയുടെ കണ്ടെത്തൽ. ആറുമാസം മുൻപ് പോളിഷ് ചെയ്യാൻ കൊണ്ടുപോയ വൈരനാമം ഇതുവരെ തിരികെ എത്തിച്ചിട്ടില്ല. ഭക്തർ സമർപ്പിച്ച സ്വർണ്ണത്തിലും കുറവുണ്ടെന്നും, അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ചേരുന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഈ റിപ്പോർട്ടുകൾ പ്രധാന ചർച്ചാവിഷയമാകും. ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളിൽ ഭരണസമിതി ശക്തമായ ഇടപെടൽ നടത്തിയേക്കും.
