പന്തീരാങ്കാവ്: മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടി കൗൺസിലിങ്ങിനെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് കൊടമോളി കുന്ന് സ്വദേശി യഹിയ ഖാൻ ആണ് പന്തീരങ്കാവ് പൊലിസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിനിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പാലാഴിയിൽ പ്രവർത്തിക്കുന്ന യഹിയ ഖാന്റെ കൗൺസിലിങ് കേന്ദ്രത്തിലാണ് പെൺകുട്ടി ചികിത്സയ്ക്കായി എത്തിയത്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാൽ, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പ്രതി കാറിൽ കയറ്റി കോഴിക്കോട് ബീച്ച് പരിസരം, താമരശ്ശേരി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.

അതിക്രമത്തെത്തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ പെൺകുട്ടി, ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പൊലിസിൽ പരാതി നൽകുന്നത്. കുറ്റകൃത്യം നടന്നത് കോഴിക്കോട് പന്തീരങ്കാവ് പൊലിസ് സ്റ്റേഷൻ പരിധിയിലായതിനാൽ പിന്നീട് കേസ് ഇങ്ങോട്ട് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരങ്കാവ് പൊലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
പ്രതിക്കെതിരെ സമാനമായ പരാതികൾ ഉയർന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *