തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥനത്ത് നിന്ന് സംവിധായകൻ കെ മധു രാജിവച്ചു. ഷാജി എൻ കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കെ മധുവിനെ എൽഡിഎഫ് സർക്കാർ നിയമിച്ചത്. ഷാജി എൻ കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ മധു.
1986-ൽ പുറത്തിറങ്ങിയ ‘മലരും കിളിയും’ എന്ന ചിത്രത്തിലൂടെയാണ് കെ. മധു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ മുപ്പതിലധികം സിനിമകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി നായകനായ പ്രശസ്തമായ ‘സിബിഐ (CBI) സീരീസ്’ ചിത്രങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ജനപ്രീതി നേടിക്കൊടുത്തത്. ഈ പരമ്പരയിലെ അഞ്ചാം ചിത്രമായ ‘സിബിഐ 5: ദി ബ്രെയിൻ’ ആണ് കെ. മധുവിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ സിനിമ.
