ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ വധ ശ്രമം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. പ്രധാന മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.
പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റു. മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു.
ഇതൊരു വധശ്രമം തന്നെയാണെന്ന് വ്യക്തമാക്കി ഇറാഖി സൈന്യം. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കുകയാണ്. ഇതനിടെയാണ് ഈ വധശ്രമം നടക്കുന്നത്. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ഈ ഫലം അംഗീകരിക്കില്ലെന്ന വാദവുമായി തെരുവിലിറങ്ങിയവർ സൃഷ്ടിച്ച കലാപത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന വാദവുമായി വലിയൊരു പ്രതിഷേധം ബാഗ്ദാദിലെ ഗ്രീൻ സോണിന് പുറത്ത് നടന്നിരുന്നു. സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ചില ഓഫീസർമാർക്ക് പരിക്കേറ്റു.
പൊലീസ് ആദ്യം ടിയർ ഗ്യാസും പിന്നീട് തോക്കുമുപയോഗിച്ചാണ് സമരത്തെ നേരിട്ടത്. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.
