തിരുവനന്തപുരം: കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ പെരുമാറ്റമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ ആണ്. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മുരളീധരന്റെത് തരംതാണതും വിവേചനപരവുമായ നടപടി ആണെന്നും വിദ്യാർത്ഥികളെ അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ വെച്ച് അവിടുത്തെ വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ശിവൻകുട്ടി ചോദിച്ചു. പ്രവേശനോത്സവ ചടങ്ങിൽ കുട്ടികൾക്ക് മിഠായി നേരിട്ട് കൈകളിൽ നൽകുന്നതിന് പകരം അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് തട്ടിയിടുകയും, അത് എടുത്തു കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തത് മനുഷ്യത്വമില്ലായ്മയാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് വി മുരളീധരനോടൊപ്പം ഉണ്ടായിരുന്ന മന്ത്രി കെ എ തുളസിയെയും ശിവൻകുട്ടി വിമർശിച്ചു. ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും എം.എൽ.എയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത് നിശബ്ദമായി നോക്കിനിന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും, ഈ സംഭവത്തിൽ വി. മുരളീധരൻ മാപ്പു പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
