തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കാണ് പ്രത്യേക അന്വേഷണ സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ ഈ നിർണ്ണായക നീക്കം. ഇതുമായി ബന്ധപ്പെട്ട ചില പ്രാഥമിക സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചതായാണ് വിവരങ്ങൾ.

അതേസമയം, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്നലെയും തീരുമാനമെടുത്തില്ല. കേസിൽ നരഹത്യാശ്രമം ചുമത്തിയ എസ്‌ഐടിയുടെ നടപടിയെ കോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. മെയ് 30-ന് മജിസ്‌ട്രേറ്റ് കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് തൊട്ടുമുൻപാണ് എസ്‌ഐടി ജാമ്യമില്ലാ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻ വേണ്ടി മാത്രമാണോ പെട്ടെന്ന് നരഹത്യാശ്രമം ചുമത്തിയതെന്ന് കോടതി ചോദിച്ചു. മർദ്ദനമേറ്റവർക്ക് സംഭവിച്ച പരിക്കുകൾ നിസ്സാരമല്ലേ എന്നും, മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തിയുടെ ഫോറൻസിക് പരിശോധനാ ഫലമോ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടോ ലഭിക്കുന്നതിന് മുൻപ് എന്ത് അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചേർത്തതെന്നും കോടതി ആരാഞ്ഞു. പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ഔദ്യോഗിക ദൃശ്യങ്ങൾ കസ്റ്റഡിയിലുണ്ടായിട്ടും അത് മറച്ചുവെച്ചാണോ എസ്‌ഐടി പ്രവർത്തിക്കുന്നതെന്നും മുഴുവൻ വശങ്ങളും അന്വേഷിക്കാതെ എന്തെങ്കിലും പ്രത്യേക ഉദ്ദേശത്തോടെയാണോ അന്വേഷണ സംഘത്തിന്റെ നീക്കമെന്നും കോടതി ചോദിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്ന ലോക്കൽ പോലീസ് ദൃശ്യങ്ങൾ പകർത്തിയിരുന്നില്ലെന്ന് എസ്‌ഐടി കോടതിയിൽ വാദിച്ചെങ്കിലും, മുൻ അന്വേഷണ സംഘം സമർപ്പിച്ച റെഫർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രതിഭാഗം ഇതിനെ എതിർത്തു. പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ സിഡി ഒഫീഷ്യൽ കസ്റ്റഡിയിലുണ്ടെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളും ഫോറൻസിക് സയൻസ് ലാബിലെ പരിശോധനാ ഫലങ്ങളും നേരിട്ട് ഹാജരാക്കാൻ കോടതി എസ്‌.ഐ.ടിയോട് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *