ബിഹാർ: മുസാഫർപുരിലുള്ള സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മൂന്ന് രോഗികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആശുപത്രിയിലെ ഐസിയുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലുടനീളം കനത്ത പുകയും വിഷവാതകവും നിറഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വിവരമറിഞ്ഞ് പന്ത്രണ്ടോളം അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഐസിയുവിലും മറ്റ് വാർഡുകളിലും കുടുങ്ങിക്കിടന്ന ഇരുപതിലധികം രോഗികളെ ജനലുകളും വാതിലുകളും തകർത്ത് അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫയർ ഓഫീസർ ആർ എൻ പാണ്ഡെ വ്യക്തമാക്കി.
അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇവരെ നിലവിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരിൽ ഐസിയു ഇൻ-ചാർജും ഉൾപ്പെടുന്നു. ആശുപത്രിയിലെ ഓക്സിജൻ യൂണിറ്റിലോ മോണിറ്റർ സിസ്റ്റത്തിലോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ അറിയിച്ചു.
