തിരുവനന്തപുരം: ഭരതന്നൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിപിന്‍ ആണ് മര്‍ദനമേറ്റത്. ബിപിന്റെ തലയ്ക്കാണ് പരുക്കേറ്റത്. അതേ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബിപിനെ മര്‍ദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബിപിന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ രക്ഷകര്‍ത്താക്കള്‍ പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്കി. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പാങ്ങോട് എസ്എച്ച്ഓ പറഞ്ഞു. അതേസമയം സ്കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം നടന്നതെന്ന് സ്കൂള്‍ അധികൃതരും പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പൂര്‍വ്വ വൈരാഗ്യം ആണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
