കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്തിയ സ്വർണപ്പാളികളുടെ നിർണായക ശാസ്ത്രീയ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. കേസന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് കരുതുന്ന ഈ സാംപിളുകൾ നാലുമാസം മുൻപാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്.

ശബരിമലയിലെ പ്രധാന സ്വർണപ്പാളികൾ പൂർണ്ണമായി മാറ്റപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. സ്വർണപ്പാളികൾക്ക് മുകളിൽ പൂശിയ സ്വർണം മാത്രമാണ് തട്ടിയെടുത്തതെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച നിർണായക സൂചന. നഷ്ടപ്പെട്ട സ്വർണത്തിന്റെ ഏകദേശ അളവും ഈ പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകിയതാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോകാൻ കാരണം. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ കുറ്റപത്രം എന്നത്തേക്ക് നൽകാനാകുമെന്ന കാര്യവും എസ്.ഐ.ടി കോടതിയെ അറിയിക്കും. 2025-ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്താണ് ശബരിമലയിൽ സ്വർണം പൂശൽ ജോലികൾ നടന്നത്. ഈ കാലയളവിലെ നിർമ്മാണ പ്രവൃത്തികളിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ ക്രമക്കേടുകളോ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഈ ശാസ്ത്രീയ പരിശോധനാ ഫലം അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *