തിരുവനന്തപുരം: കോഴിക്കോടിനും വയനാട്ടിനും കൊല്ലത്തിനും പുറമേ തിരുവനന്തപുരത്തും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് പുത്തന്‍തോപ്പ്, ചാക്ക, തോന്നയ്ക്കല്‍ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികള്‍ക്കാണ് രോഗബാധ. ഇവര്‍ അപകട സാഹചര്യം മറികടന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കൊല്ലം ജില്ലയിലും ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പരവൂര്‍, കിളികൊല്ലൂര്‍ മേഖലയിലാണ് വിദ്യാര്‍ഥികള്‍ക്ക് രോഗം പിടിപെട്ടത്.
അതിനിടെ, വയനാട്ടില്‍ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒരു കുട്ടിക്ക് കൂടിയാണ് രോഗബാധ. പരിശോധനക്ക് അയച്ച ഒരു സാമ്പിളിന്റെ കൂടി ഫലമാണ് വന്നത്. ഇതോടെ സ്‌കൂളില്‍ ഷിഗെല്ല ബാധിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി.
ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വയനാട് നെന്മേനി പഞ്ചായത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ചേരുന്നതിനുള്‍പ്പെടെ ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താല്‍ക്കാലിക ചന്തകള്‍, റാലികള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്ന് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം.
