തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകൾക്കൊന്നും വകനൽകാത്ത പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്പ്’ പരിഷ്കരിക്കുമെന്നല്ലാതെ, ജീവനക്കാർക്കായി വലിയ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ലീവ് സറണ്ടർ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് മാത്രമാണ് ബജറ്റിലെ പരാമർശം.
എങ്കിലും, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിലവിലുള്ള അപാകതകൾ പരിഹരിക്കുമെന്നും, പദ്ധതിയിൽ മാറ്റം കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ചോ, വിരമിക്കൽ പ്രായം ഉയർത്തുന്നതിനെക്കുറിച്ചോ ബജറ്റിൽ യാതൊരു പരാമർശവുമില്ലാത്തത് ജീവനക്കാർക്കിടയിൽ നിരാശ പടർത്തുന്നുണ്ട്.
ഡിഎ കുടിശ്ശികയുടെ കാര്യത്തിലും വലിയ മാറ്റങ്ങളില്ല. മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ 8 ഗഡുക്കളായി ഡിഎ കുടിശ്ശിക നൽകുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, നിലവിലെ ബജറ്റിൽ 2 ഗഡുക്കൾ മാത്രമാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പിലാക്കാൻ മാത്രം ഈ വർഷം 9000 കോടിയിലധികം രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
