ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായി എത്തിയ കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താത്ക്കാലിക ഡയറക്ടര്‍ ഡോ. വി മീനാക്ഷി. മീനാക്ഷി കസേരയില്‍ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഇന്ന് തന്നെ അപ്പീല്‍ നല്‍കും.

മുന്‍പ് ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രി വളപ്പിലുള്ള ഡി.എച്ച്.എസ് ആസ്ഥാനത്ത് എത്തിയത്. വിധി പ്രകാരം തനിക്ക് ഔദ്യോഗിക കസേരയില്‍ ഇരുന്ന് ചുമതലയേല്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിലവിലെ ഡി.എച്ച്.എസ് ആയ ഡോ. മീനാക്ഷി കസേരയില്‍ നിന്നും മാറാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരവോ നിര്‍ദ്ദേശമോ ലഭിക്കാതെ താന്‍ കസേര ഒഴിഞ്ഞുതരില്ലെന്ന നിലപാടില്‍ ഡോ. മീനാക്ഷി ഉറച്ചുനിന്നു. രണ്ടുപേരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഓഫീസിനുള്ളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് ഡോ. മീനാക്ഷി പോലീസിന്റെ സഹായം തേടുകയും തനിക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായും ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഈ കസേര തര്‍ക്കത്തിന് പരിഹാരമാകൂ. രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ.റീനയെ ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ സര്‍ക്കാര്‍ നടപടി വന്‍ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *