കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം. അധ്യാപകരുടെ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. മദ്യം സ്കൂളിലേക്ക് എത്തിച്ച കുട്ടിയെയും അത് ബാഗിൽ സൂക്ഷിച്ച സഹപാഠിയെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.

ബുധനാഴ്ച സ്കൂളിൽ സ്കൂൾ സംരക്ഷണ സമിതി യോഗം നടക്കുന്നതിനിടെയാണ് ഒരു വിദ്യാർത്ഥി സ്കൂളിലേക്ക് വ്യാജമദ്യം കൊണ്ടുവരുന്നതായി അധ്യാപികയ്ക്ക് സംശയം തോന്നുന്നത്. നേരത്തെയും ഒരു കുട്ടി മൂന്ന് തവണയായി സ്കൂളിൽ മദ്യം എത്തിച്ചെന്നും ആറോളം കുട്ടികൾ ഇത് ഉപയോഗിച്ചെന്നും രഹസ്യവിവരമുണ്ടായിരുന്നു. തുടർന്ന് സംശയനിഴലിലുള്ള പതിനഞ്ചുകാരനായ വിദ്യാർത്ഥി ക്ലാസിന് പുറത്തുപോയ സമയത്ത് അധ്യാപകർ ബാഗ് പരിശോധിച്ചപ്പോഴാണ് അരലിറ്റർ നാടൻ ചാരായം കണ്ടെത്തിയത്. എന്നാൽ, ഈ മദ്യം തന്റെ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ബാഗിൽ കൊണ്ടുവെച്ചതെന്ന് ചോദ്യം ചെയ്യലിൽ കുട്ടി വെളിപ്പെടുത്തി. തുടർന്ന് രണ്ടാമത്തെ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രദേശത്തെ വ്യാജമദ്യ വിൽപനക്കാരനെക്കുറിച്ചുള്ള കൃത്യമായ വിവരം പോലീസിന് ലഭിക്കുന്നത്.

കുട്ടികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. കട്ടിപ്പാറ ചമൽ കേളൻമൂലയിലെ ഒരു റബ്ബർത്തോട്ടത്തിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരലിറ്ററിന്റെ 56 ബോട്ടിലുകളിലായി 28 ലിറ്റർ ചാരായമാണ് പിടിച്ചെടുത്തത്. ചമൽ കേളൻമൂല സ്വദേശി പൂവൻമല രമേശന് (40) എതിരെ അബ്കാരി ആക്ട് പ്രകാരം താമരശ്ശേരി പോലീസ് കേസെടുത്തു. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. മറ്റെവിടെയോ വെച്ച് വ്യാജമദ്യം നിർമ്മിച്ച ശേഷം ഇവിടെ കൊണ്ടുവന്ന് ശേഖരിക്കുകയായിരുന്നു ഇയാൾ. പ്രതി നിലവിൽ ഒളിവിലാണ്. പ്രിൻസിപ്പൽ എസ്.ഐ ഗൗതം ഹരി, എസ്.ഐമാരായ വി.കെ. റസാഖ്, പി.പി. മുഹമ്മദ് ആഷിഖ്, ബിൻസ് ജോസഫ്, എ.എസ്.ഐമാരായ ശ്രീജിത്ത്, ഷൈനി, എസ്.സി.പി.ഓ ശ്രീലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *