കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വീണയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ഇ ഡി സംഘം പറയുന്നു. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.
ചോദ്യം ചെയ്യലിനായി വീണയോട് അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എല്‍ ഉന്നതരെയും വീണ്ടും ചോദ്യം ചെയ്യും. വീണയുടെ സ്വത്തുക്കള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇ ഡി ശേഖരിക്കുന്നുണ്ട്.
കേസില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ ഡി. വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ തരപ്പെട്ടത് എങ്ങനെയെന്നാണ് അന്വേഷണം. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് എന്തെങ്കിലും ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്നും അതിന്റെ പ്രത്യുപകാരമാണോ കരാര്‍ എന്നും പരിശോധിക്കുന്നുണ്ട്.
