മുംബൈ: കേതൻ അഗർവാളിനെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചോദ്യം ചെയ്യലിൽ പരസ്പരം പഴിചാരുന്നതായി റിപ്പോർട്ട്. പൂണെ റൂറൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഇരുവർക്കും ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴാണ് പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പോലീസിനെ കുഴപ്പിച്ചത്.
ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ രണ്ടുപേരും തയ്യാറായിരുന്നില്ല. കേതനെ കൊലപ്പെടുത്താനുള്ള മുഴുവൻ പദ്ധതിയും ആസൂത്രണം ചെയ്തത് തന്റെ കാമുകനായ ചേതൻ ചൗധരി ആണെന്നായിരുന്നു സിയയുടെ ആരോപണം. എന്നാൽ, തനിക്ക് കേതനുമായി യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും സിയ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് താൻ കൊലപാതകത്തിൽ പങ്കാളിയായതെന്നുമാണ് ചേതൻ പോലീസിനോട് പറഞ്ഞത്. പോലീസ് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതോടെ ഒടുവിൽ സിയ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തന്റേത് തന്നെയായിരുന്നുവെന്നും കൃത്യം നടപ്പാക്കാൻ ചേതൻ സഹായിക്കുകയായിരുന്നുവെന്നും സിയ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കേതൻ അഗർവാളും സിയ ഗോയലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്നത്. ഈ വർഷം അവസാനം വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. എന്നാൽ ചേതനുമായി പ്രണയത്തിലായിരുന്ന സിയയ്ക്ക് ഈ വിവാഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് കേതനോട് സിയ പറഞ്ഞിരുന്നു. എന്നാൽ കേതൻ ഇതിന് തയ്യാറാകാതിരുന്നതാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.സിയയും കാമുകൻ ചേതനും ചേർന്ന് ജൂൺ 18-നാണ് കേതനെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
