തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ നടപടി. പുനര്‍ മൂല്യനിര്‍ണയത്തിന് തീരുമാനമായി. ആഭ്യന്തര വിജിലന്‍സ് അന്വേഷണവും നടത്താന്‍ തീരുമാനിച്ചു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക. ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പിഎസ്സി യോഗത്തിലാണ് തീരുമാനം എടുത്തത്.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

ഇതില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്. മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരന്‍ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്സിയെ സമീപിച്ചത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടേയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *