ഇടുക്കി അണക്കര സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.കട്ടപ്പന ഡിഇഒ ക്കാണ് അന്വേഷണ ചുമതല. മര്‍ദ്ദനമേറ്റ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കും. കുട്ടിയെ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചു എന്ന് ഹെഡ്മാസ്റ്റര് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അധ്യാപകന് ശിവകുമാറിനെതിരെ നേരത്തെ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിടിഎയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.വിഷയം ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഏഴാം ക്ലാസുകാരനെ അധ്യാപകന് മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി മര്‍ദ്ദിച്ചതായാണ് പരാതി. കുട്ടിയെ ചൂരല്‍ കൊണ്ട് അടിച്ചും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയുമാണ് അധ്യാപകന് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥി വണ്ടന്മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ വണ്ടന്മേട് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
