തിരുവനന്തപുരം: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ‘ടെലഗ്രാഫ്’ മുന്‍ എഡിറ്റര്‍ ആര്. രാജഗോപാലിന് പാസ്പോര്‍ട്ട് ലഭിച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതെന്ന് വി.ഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഇടപെടൽ അഭ്യർഥിച്ച് വി.ഡി. സതീശൻ കത്തയച്ചിരുന്നു. അന്നുതന്നെ പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ രാജഗോപാലിന്റെ സന്തോഷത്തില്‍ പങ്കുചേരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.
കൊൽക്കത്ത പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികൂലമായ വെരിഫിക്കേഷൻ റിപ്പോർട്ടാണ് പാസ്പോർട്ട് പുതുക്കലിന് തടസ്സമായി നിന്നിരുന്നത്. എസ്.ഐ.ആറിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്നും രാജഗോപാലിന്റെ പേര് നീക്കം ചെയ്തതാണ് ഇത്തരമൊരു വെരിഫിക്കേഷൻ റിപ്പോർട്ടിന് കാരണമായതെന്നും, വോട്ടർ പട്ടികയിൽ പേര് വീണ്ടും ചേർക്കുന്നതിനുള്ള അപ്പീൽ നടപടികൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ടെന്നും സതീശൻ കത്തിൽ വ്യക്തമാക്കയിരുന്നു.
2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്. ഗാന്ധിയനും മുൻ പ്രഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിതാവ് 2016ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടർപട്ടികയിൽ ഇല്ലാതെ വരുമെന്നും ആർ. രാജഗോപാൽ ചോദിച്ചിരുന്നു.
