പുല്പള്ളി: മനുഷ്യ നിർമിത ദുരന്തമെന്ന സർക്കാർ ആരോപണം പാടെ തള്ളി കൊങ്കൺ അധികൃതർ. കള്ളാടിയിൽ ഉണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലാണെന്ന് കരാർ കമ്പനി ജനറൽ മാനേജർ സെബാസ്റ്റ്യൻ പറഞ്ഞു. നിർമാണം നടക്കുന്നതിന് പന്ത്രണ്ട് മീറ്റർ മുകളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണുകൂട്ടിയിട്ടതുമായി അപകടത്തിന് ബന്ധമില്ല. മണ്ണിടിച്ചിലുണ്ടായത് വനഭൂമിയിലാണ്. കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ കമ്പനി വ്യക്തമാക്കി.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ എല്ലാ വശവും പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. തർക്കത്തിനും വാദപ്രതിവാദത്തിനുമല്ല രക്ഷാപ്രവർത്തനത്തിനാണ് നിലവിൽ മുൻഗണന. പ്രതികൂല കാലാവസ്ഥയല്ലെങ്കിൽ ഇന്ന് തന്നെ തെരച്ചിൽ പൂർത്തിയാക്കും. മരിച്ചവരുടെ മൃതദേഹം വീടുകളിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആശുപത്രിയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവരുടെ നില തൃപ്തികരമെന്നും മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.

അതേസമയം, മണ്ണിടിച്ചിലിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് നി​ഗമനം. തുരങ്കപാതയ്ക്കായി കരാർ ഏറ്റെടുത്ത കമ്പനി കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴുക്കിവിടാൻ സംവിധാനം ഒരുക്കിയിരുന്നില്ല. മീനാക്ഷി പാലത്തിന് സമീപം വൻതോതിൽ മണ്ണ് കൂട്ടിയിട്ടത് ദുരന്തത്തിന് കാരണമായി. മണ്ണ് നീക്കാൻ സ്ഥലം കണ്ടെത്തി കൊടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റി. നാട്ടുകാരുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്താനും നടപടിയെടുത്തില്ലെന്നും വിമർശനമുണ്ട്.

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം വൈകിട്ടോടുകൂടി മരിച്ചവരുടെ നാട്ടിൽ എത്തിക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ വച്ച് എംബാം ചെയ്ത ശേഷം വിമാന മാർഗം നാട്ടിലെത്തിക്കും. ചന്ദ്ര ബാൻ (ഓപ്പറേറ്റർ-മധ്യപ്രദേശ്, ബികാഷ് കുമാർ (സിവിൽ ഫോർമാൻ)-ബീഹാർ, അൻമോൽ (തൊഴിലാളി)-ജാർഖണ്ഡ് എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുക.

കള്ളാടിയിൽ കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. സോണുകളായി തിരിച്ചാണ് പരിശോധനയെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തമേഖലയിൽ നാല് സോണുകളായി തെരച്ചിൽ നടത്തും. സംയുക്തസേനയുടെ നേതൃത്വത്തിലാകും തെരച്ചിൽ. പാറക്കല്ലുകളും കോൺക്രീറ്റ് പാളികളും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *