കുന്ദമംഗലം: സ്കൂട്ടറിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും സഹായത്തോടെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ചോവായൂര്‍ വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ സഹനൂബ് (26) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍ കൂഴക്കോട് കൈരളി ബസ് സ്റ്റോപ്പിന് സമീപം നടന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
80 വയസുള്ള വയോധിക നടന്നു പോകുന്നതിനിടെയാണ് സ്കൂട്ടറിലെത്തിയ പ്രതി ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും മറ്റ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നതിനിടെയാണ് പ്രതിയെ കോഴിക്കോട് നിന്ന് കുന്ദമംഗലം പോലീസ് പിടികൂടിയത്.
പ്രതിക്കെതിരെ മുമ്പും സമാനമായ പിടിച്ചുപറി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കേസുകളുള്ളതായി പോലീസ് അറിയിച്ചു.
കുന്ദമംഗലം എസ് എച്ച് ഒ കിരണ്‍. എസ്.ഐ. മാത്യു, എസ്.ഐ. അബ്ദു റഹിമാന്‍, പോലീസ് ഉദ്യോഗസ്ഥരായ ആദില്‍, ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പ്രതിയെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പിനും ഹാജരാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
