ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമാധാനപരമായി സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി സമരം ചെയ്യുന്നവരെ നേരിടേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഒരു രാജ്യത്തെ ഭാവി തലമുറ ശബ്ദമുയര്‍ത്തുന്ന സമയത്ത് അത് അടിച്ചമര്‍ത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്നും ടൊവിനോ പറഞ്ഞു. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ ചോര്‍ന്നൊലിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അവര്‍ സ്വത്ത് നശിപ്പിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ മാത്രം അവര്‍ എന്തു ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്ത് വെച്ചും, സമാധാനപരമായി ന്യായമായ ലക്ഷ്യത്തിനായി സമരം ചെയ്യുന്ന ഏതൊരാള്‍ക്കും താന്‍ തന്റെ പൂര്‍ണ ഹൃദയത്തോടെയുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ടൊവിനോ പറഞ്ഞു. ഒരു കാര്യത്തോട് വിയോജിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയല്ലെന്നും യഥാര്‍ത്ഥത്തില്‍ അത് ജനാധിപത്യത്തിന്റെ അടിത്തറകളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ദേശീയതയെ ചോദ്യം ചെയ്യാന്‍ പോകുന്ന ഏതൊരാളോടും പറയാനുള്ളത് നിങ്ങളെക്കാള്‍ നന്നായി എനിക്കെന്നെ അറിയാമെന്നും ടൊവിനോ പറഞ്ഞു. ഇത് രാഷ്ട്രീയത്തിനും മതത്തിനും മറ്റെല്ലാ തരത്തിലുള്ള വിഭജനത്തിനും അപ്പുറമാണെന്നും തന്റെ രാഷ്ട്രീയം മനുഷ്യത്വമാണെന്നും തന്റെ വിശ്വാസം സമാധാനമാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *