മലപ്പുറം: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ (24072026 വെള്ളി) രാവിലെ 10 ന് തിരൂര്‍ക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാര്‍ നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *