കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തില്‍ കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സിയാദിന്റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു.

കുണ്ടറ സ്റ്റേഷനിലെ എസ്‌ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ 16ന് രാത്രിയാണ് അയല്‍വാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കുണ്ടറ പൊലീസ് സിയാദിനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത്.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനില്‍ വെച്ച് പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്റെ ഭാര്യയെ വിളിച്ച് പൊലീസ് മര്‍ദിക്കുന്നെന്നും ഉടന്‍ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. പൊലീസിന്റെ ക്രൂരമായ മര്‍ദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *