സമരം ശക്തമാക്കാന്‍ LPST റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട നിരാഹാരം ഇരിക്കാനാണ് തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ് വളര്‍മതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. ആരോഗ്യസ്ഥിതി വഷളായാല്‍ ഉദ്യോഗാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. ഏഴുതവണ സര്‍ക്കാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിട്ടില്ല.

പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കിയാല്‍ കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എങ്കിലും ജോലി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *