കുന്ദമംഗലം: കുന്ദമംഗലം ടൗണില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാട്ടുകാരും പോലീസും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മണിക്കൂറുകളോളം ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞില്ല. ടൗണിന്റെ ഇരുവശങ്ങളിലേക്കും കാല്‍നടയാത്രക്കാര്‍ക്ക് പോലും റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയും പന്തീര്‍പ്പാടം ഭാഗത്തും മുക്കം റോഡിലും വാഹനങ്ങള്‍ നീങ്ങാനാകാതെ കുടുങ്ങി. മുക്കംവയനാട് ജംഗ്ഷന്‍, പെരിങ്ങളം റോഡിലേക്ക് തിരിയുന്ന ഭാഗങ്ങള്‍, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. യാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ ദുരിതത്തിലായി.
ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും കുടുങ്ങിയത് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓഫീസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും പോകേണ്ട ജീവനക്കാരും വിദ്യാര്‍ത്ഥികളും ദീര്‍ഘനേരം റോഡില്‍ കുടുങ്ങി.

കൃത്യമായപാര്‍ക്കിങ് സംവിധാനമില്ല; ഓട്ടോറിക്ഷാ സ്റ്റാന്‍ഡും പ്രശ്‌നം

കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് സംവിധാനമില്ലായ്മയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ പാര്‍ക്കിങ് ഏരിയ നിശ്ചയിക്കാത്തതും ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നു. അതോടൊപ്പം ഓട്ടോറിക്ഷകള്‍ക്ക് കൃത്യമായ സ്റ്റാന്‍ഡ് സംവിധാനം ഇല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നതായി വ്യാപാരികളും യാത്രക്കാരും പറയുന്നു.
ആവശ്യത്തിന് പോലീസില്ലെന്ന ആക്ഷേപം
ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് പലപ്പോഴും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് പോലീസുകാരുടെ എണ്ണം ഇല്ലാത്തത് കാര്യക്ഷമമായ ഇടപെടലിന് തടസ്സമാകുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഒരേസമയം നിരവധി ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ നിലവിലുള്ള പോലീസ് സംവിധാനത്തിന് എല്ലായിടത്തും ഫലപ്രദമായി ഇടപെടാന്‍ കഴിയാത്ത സ്ഥിതിയാണ്.

വിദ്യാര്‍ത്ഥികളുടെ തിരക്ക് മറ്റൊരു വെല്ലുവിളി

കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. ഇതോടെ രാവിലെ സമയങ്ങളില്‍ ടൗണില്‍ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ട ബസുകള്‍ക്ക് സ്റ്റാന്‍ഡിനുള്ളിലേക്ക് കയറാന്‍ കഴിയാത്ത അവസ്ഥയും പലപ്പോഴും ഉണ്ടാകുന്നു. സ്റ്റാന്‍ഡില്‍ എത്തിയ വാഹനങ്ങള്‍ പുറത്തേക്ക് എടുക്കാനും ഏറെ പ്രയാസപ്പെടുന്നു. വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഒരേ സമയം ടൗണിലേക്ക് എത്തുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുകയാണ്.

സ്വകാര്യ ബസുകളുടെ ട്രിപ്പുകളും മുടങ്ങുന്നു

കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക് സ്വകാര്യ ബസ് സര്‍വീസുകളെയും കാര്യമായി ബാധിക്കുന്നുണ്ട്. കോഴിക്കോട് പോയി സമയബന്ധിതമായി തിരിച്ചെത്തേണ്ട ബസുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നതിനാല്‍ ട്രിപ്പുകള്‍ വൈകുകയോ മുടങ്ങുകയോ ചെയ്യുന്ന സാഹചര്യമുണ്ട്.
കോഴിക്കോട് നഗരത്തിലെ പാളയം, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ ബസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു. ദീര്‍ഘദൂര യാത്രക്കാരെയും രോഗികളെയും ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നവരെയും ഗതാഗതക്കുരുക്ക് കാര്യമായി ബാധിക്കുന്നുണ്ട്.

ബൈപാസ് ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ എവിടെ?

കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബൈപാസ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ പരിഹാരമായി പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അവ യാഥാര്‍ഥ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധി തുടരാന്‍ പ്രധാന കാരണങ്ങളിലൊന്ന്.
ദേശീയപാതയുമായി ബന്ധപ്പെട്ട പ്രധാന ഗതാഗത കവാടങ്ങളിലൊന്നായ കുന്ദമംഗലത്ത് ഗതാഗതം ഇത്തരത്തില്‍ താറുമാറായി തുടരുന്നത് ഭാവിയില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പാര്‍ക്കിങ് ഏരിയ, ഓട്ടോറിക്ഷാ സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡ് ക്രമീകരണം, ആവശ്യമായ പോലീസ് സാന്നിധ്യം എന്നിവ ഉറപ്പാക്കണമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബൈപാസ് ഉള്‍പ്പെടെയുള്ള ശാശ്വത പരിഹാരം നടപ്പാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *