ഇരിട്ടി: കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം. സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭാരവാഹികളായ ഇരിട്ടിയിലെ നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിക്കെതിരെയാണ് പരാതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനാണ് പ്രസിഡന്റ്. 2015ല്‍ ആരംഭിച്ച സൊസൈറ്റി, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ ആരോപണം. പിരിച്ച തുക എത്രയെന്നോ എവിടെ ഭൂമി വാങ്ങിയെന്നോ അറിയില്ലെന്നും ഓഹരി ഉടമകള്‍ പറയുന്നു.

അഞ്ച് കാറ്റഗറി ഓഹരിയുടമകളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ എ ക്ലാസ് ഒരു ലക്ഷം രൂപയും ബി ക്ലാസ് 50000 രൂപയും സി ക്ലാസ് 25000 രൂപയും ഡി ക്ലാസ് 10000 രൂപയും ഇ ക്ലാസ് 1000 രൂപയുമായിരുന്നു കണക്ക്. ജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചുകൊണ്ട് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കും എന്ന വാഗ്ദാനമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തുടക്കത്തില്‍ പണം പിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഉത്സാഹം ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതില്‍ ഉണ്ടായില്ലെന്ന് വേണം കരുതാന്‍. ഇതെല്ലാം സംബന്ധിച്ച് കൃത്യമായ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം അവതരിപ്പിക്കേണ്ടത് സൊസൈറ്റിയുടെ നേതൃത്വത്തിലും പാര്‍ട്ടിയിലുമുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആളുകളുടെ കടമയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത് – നിക്ഷേപകന്‍ പറയുന്നു.

പതിനായിരത്തിലേറെ റസിപ്റ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്തതായി വിവരമുണ്ട്. 1000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളാണ് സമാഹരിച്ചത്. പിരിച്ച തുക എത്രയെന്നോ എവിടെ ഭൂമി വാങ്ങിയെന്നോ അറിയില്ലെന്ന് ഓഹരി ഉടമകള്‍ ആരോപിക്കുന്നു. സൊസൈറ്റി ആരംഭിച്ചത് 2015ലാണ്. വത്സന്‍ തില്ലങ്കേരിയുടെ പ്രഗതി കോളജിന് ബദല്‍ ആശയവുമായാണ് തുടങ്ങിയത്. 2015ല്‍ നടത്തിയ ശിലാസ്ഥാപന ചടങ്ങുള്‍പ്പെടെ കബളിപ്പിക്കല്‍ ആയിരുന്നെന്നും പരാതിയുണ്ട്. കോളജ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ വേണമെന്ന് ഓഹരി ഉടമകള്‍ ആവശ്യപ്പെടുന്നു.

കോളജിനായി ഇരിട്ടി നഗരത്തോട് ചേര്‍ന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ബിനോയ് കുര്യന്‍ പ്രതികരിച്ചു. കോളജ് നടത്തിപ്പ് ലാഭാകരമാകുമോ എന്ന സംശയത്തിലാണ് സംരംഭം പാതിവഴിയില്‍ നിലച്ചതെന്നും സൊസൈറ്റി പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *