തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ട്.

ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി സെന്ററിന്റെ അഡ്രസ് നല്‍കി എന്നത് വ്യക്തമാണല്ലോയെന്നും നേതാക്കള്‍ പറയുന്നു. ഇഡിയെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ ‘അന്വേഷണം നടക്കുകയല്ലേ’ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ധാരണ.

ആദ്യ ഘട്ടം മുതല്‍ സമാന നിലപാട് സിപിഐ സ്വീകരിച്ചിരുന്നെങ്കിലും ആ സമയത്ത് ടി വീണയ്‌ക്കെതിരെ മാത്രമായിരുന്നു ഇ ഡി നീക്കം നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനെതിരെയും പി എ മുഹമ്മദ് റിയാസിനെതിരെയും കേസെടുക്കണമെന്നാണ് ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. എന്നിട്ടും ഇത്തരം ഒരു നിലപാടില്‍ തന്നെ തുടരാനാണ് സിപിഐ തീരുമാനിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നിയമപരമായ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ അത് വിശദമായി പരിശോധിച്ച ശേഷം മാത്രമാകും പിണറായിക്ക് പിന്തുണ കൊടുക്കുന്നതില്‍ തീരുമാനമുണ്ടാകുക. ഇപ്പോള്‍ പിന്തുണ കൊടുത്താല്‍ ഭാവിയില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പാര്‍ട്ടിക്ക് തിരിച്ചടി ആകുമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *