തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കിട്ടാവുന്നയിടത്തു നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. എന്‍ടിപിസിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമം. അധിക സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ല. അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി വാങ്ങുക എന്നതു മാത്രമാണ് ലക്ഷ്യം. പണത്തെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് കാരണമാകുമെന്ന സൂചനയും മന്ത്രി നല്‍കി. എന്‍ടിപിസിയില്‍നിന്ന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് സര്‍ക്കാരിന് ബാധ്യതയാണ്. അധിക സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ലെന്ന് മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ വൈദ്യുതി വാങ്ങുക എന്നതു മാത്രമാണ് നിലവിലെ ലക്ഷ്യം. ഇക്കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ ബോധ്യപ്പെടുത്തും.

അതേസമയം, എന്‍ടിപിസി അവസാന ഓപ്ഷനായി കരുതുന്നില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വില കുറച്ച് വൈദ്യുതി വാങ്ങാനുള്ള മറ്റു സാധ്യതകളും തേടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാനാണ് പരിശ്രമിക്കുന്നത്. 4.29 രൂപയ്ക്ക് വൈദ്യുതി കിട്ടുമായിരുന്ന കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 30 രൂപയ്ക്ക് വാങ്ങേണ്ട ഗതികേട്. ആര്യാടന്‍ മുഹമ്മദിന്റെ കാലത്തെ കരാറിന്റെ ഗുണം എട്ടു വര്‍ഷം എടുത്ത ശേഷം കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കി. ഈ കരാര്‍ പുന:സ്ഥാപിക്കാനുള്ള നിയമനടപടികളെക്കുറിച്ച് ആലോചക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *