തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി. ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും. ഇന്നലെ ഉപയോഗിച്ചത് 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പീക്ക് ആവശ്യകത 4699 മെഗാ വാട്ട് ആണ്. 900 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് പീക്ക് സമയത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കു കാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കെഎസ്ഇബി ഡയറക്ടർമാർ വൈദ്യുതി ലഭ്യത തേടി വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും അധികം ഉറപ്പാക്കാനായിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഹിമാചലിൽ നിന്ന് ലഭിക്കേണ്ട 250 മെഗാ വാട്ട് വൈദ്യുതി പീക്ക് സമയത്ത് കിട്ടാത്തതും പ്രതിസന്ധിയാണ്. ആണവനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ ഇന്ന് കെഎസ്ഇബി സിഎംഡി എൻപിസിഐഎൽ സി എം ഡി യുമായി കൂടിക്കാഴ്ച നടത്തും. പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിനു മുകളിലാണ്. ഈ നില തുടർന്നാൽ ഈമാസം 30 വരെ നിയന്ത്രണമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *