ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ പാതിരാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കത്തികൊണ്ട് കുത്തിക്കൊന്നു. ജീര്‍ണിച്ച നിലയിലുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കളെ പൊലീസ് പിടികൂടി.

ഈ മാസം പതിനൊന്നാം തീയതിയാണ് ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ അതിക്രൂരമായ കുറ്റകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തികൊണ്ട് എട്ടുതവണ കുത്തി കൊലപ്പെടുത്തി. മൃതദേഹം പതിനൊന്നാം തീയതിക്കും പന്ത്രണ്ടാം തീയതിക്കുമിടയില്‍ രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നായകള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ കടിച്ചുകീറി വികൃതമായ മൃതദേഹം ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്.

പരിസരവാസികളുടെയും 50ലധികം സിസിടിവികളുടെ സഹായത്തോടെയും 72 മണിക്കൂര്‍ കൊണ്ട് സ്വരൂപ് നഗറില്‍ നിന്നുതന്നെ പൊലീസ് പ്രതികളെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തായ 17 വയസ് പ്രായമുള്ള യുവാവാണ് മുഖ്യപ്രതി. 16 ഉം 17 ഉം വയസ് പ്രായമുള്ള രണ്ട് പ്രതികള്‍ കൂടിയുണ്ട്. പ്രതികളില്‍ 19കാരനായ ശിവം ഗണേഷിന് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഒറ്റയ്ക്ക് ജോലി ചെയ്ത് മാതാപിതാക്കളെ സഹായിക്കാന്‍ വീട്ടില്‍ നിന്ന് മാറിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി താമസിച്ചിരുന്നത്. പതിനൊന്നാം തീയതി രാത്രി സുഹൃത്തിനെ കാണാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പെണ്‍കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കേസില്‍ തുടര അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഓടിച്ച ടെമ്പോയില്‍ വച്ചാണോ മൃതദേഹം ഉപേക്ഷിച്ച വയലില്‍ വെച്ചാണോ കുറ്റകൃത്യം നടന്നത് എന്നുള്ള കാര്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *