ചരിത്രം കുറിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫൊക്കാന). ന്യൂജേഴ്സിയിൽ നടന്ന ചടങ്ങിൽ വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഫൊക്കാന ലോകത്തിന് മുന്നിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ഇച്ഛാശക്തിയും വിളംബരം ചെയ്തത്. ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലു റെക്കോർഡ് തീർത്താണ് ഫൊക്കാന ചരിത്രനിമിഷം കുറിച്ചത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,800ലധികം കലാകാരന്മാരാണ് ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ ന്യൂജേഴ്സിയിലെ കാഹലഹരി കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നത്. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തിന് ശേഷം ഓഗസ്റ്റ് 8-ന് വൈകിട്ട് ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലുമായി റെക്കോർഡ് തീർക്കാനായിരുന്നു സംഘാടകർ പദ്ധതിയിട്ടിരുന്നത്.

എന്നാൽ, ചരിത്രനേട്ടത്തിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 7-നുണ്ടായ ശക്തമായ കാറ്റും മഴയും മൂലം വിമാന സർവീസുകൾ തടസ്സപ്പെടുകയും കാനഡയിൽ നിന്ന് എത്തേണ്ടിയിരുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളുടെ യാത്ര മുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ ഫൊക്കാന നേതൃത്വം ചർച്ചകൾ‌ നടത്തുകയും ബദൽ മാർഗ്ഗങ്ങൾക്കായി തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ വഴികൾ നോക്കിയെങ്കിലും ഗിന്നസ് അധികൃതരുടെ കർശന നിയമങ്ങൾ വെല്ലുവിളിയായി തുടർന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് മണിക്കൂറുകളോളം ചർച്ചകൾ നടത്തി. ഒടുവിൽ ഒരു പുതിയ സാധ്യത തുറന്നു. ഗിന്നസ് അധികൃതർക്ക് ഓൺലൈനായി നടപടികൾ പരിശോധിക്കാമെന്ന് അറിയിക്കുകയായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കൃത്യസമയത്ത് തന്നെ റെക്കോർഡ് ശ്രമം വിജയകരമായി പൂർത്തിയാക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചു. വലിയൊരു അനിശ്ചിതത്വത്തെ അതിജീവിച്ച് നേടിയ ഈ ഇരട്ട ഗിന്നസ് വിജയം അമേരിക്കൻ മലയാളികളുടെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *