മലബാർ മിൽമ റീജിയണൽ കോഓപ്പറേറ്റീവ് യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. ഈ അന്വേഷണ റിപ്പോർട്ടിന്റെ അന്തിമ ഫലത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. കേസിൽ എന്തെങ്കിലും തരത്തിലുള്ള ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ വിഷയം വിജിലൻസ് അന്വേഷണത്തിന് വിടാനും സാധ്യതയുണ്ട്.
അതിനിടെ, യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ സഹസ്ഥാപനമായ എംആർഡിഎഫിൽ (MRDF) നിന്ന് പ്രധാന ഫയലുകൾ കടത്തിയെന്ന ഗുരുതര ആരോപണവും പുറത്തുവന്നിട്ടുണ്ട്. ക്രമക്കേടുകളുടെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫയലുകൾ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എംആർഡിഎഫ് സിഇഒ ജോർജുകുട്ടിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യ് മോഷണവും പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിലെ വൻ ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 18-ാം തീയതിയാണ് മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയത്.
