നൂറ് കടന്ന് തക്കാളി, ഡബിള്‍ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ. കേരളത്തിൽ കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു.
വിപണികളില്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 80 ശതമാനം വരുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് . 50 ശതമാനത്തോളമാ ണ് മൂന്നാഴ്ചയ്ക്കിടെ മാത്രം വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്.

തക്കാളി, വെണ്ട, പയര്‍ തുടങ്ങിയവയാണ് ലിസ്റ്റിൽ മുന്നിലുള്ളത്. രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായിരിക്കുന്നത് . വില നല്‍കിയാലും മതിയായ മുരിങ്ങക്കായ കിട്ടാനില്ലെന്ന നിലയാണ് മിക്കയിടത്തും

മുളക്, വഴുതന, പടവലം, ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫഌര്‍, വെള്ളരി, ബീന്‍സ് എന്നിവയ്ക്ക് രണ്ടാഴ്ച മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 20 രൂപയിലധികം വർധിച്ചു. തക്കാളിക്കു കിലോഗ്രാമിന് മൊത്ത വിപണിയില്‍ 80 മുതല്‍ 86 രൂപ വരെ വിലയുണ്ട്. ചില്ലറ വിപണിയിലെത്തുമ്പോള്‍ ഇത് 100 മുതല്‍ 120 രൂപ വരെയാകുന്ന നിലയാണുള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് കൂടുതലായി എത്തുന്ന വലിയ ഉള്ളിക്ക് നിലവില്‍ കാര്യമായ വില ഉയര്‍ന്നിട്ടില്ലെന്നതും ആശ്വാസമാണ്.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടർന്നുണ്ടായ കൃഷി നാശമാണ് സാഹചര്യം രൂക്ഷമാക്കിയത്. കാലം തെറ്റിയെത്തിയ കനത്തമഴ വലിയ തോതില്‍ വിളകള്‍ നശിക്കാന്‍ കാരണമായിട്ടുണ്ട്. വിളനാശമാണ് വിലക്കയറ്റത്തിന് കാരണം എന്നതിനാല്‍ ഈ സാഹചര്യം ഒരു മാസത്തേക്കെങ്കിലും തുടരുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *