തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഒക്ടോബർ 9നും മഴ മുന്നറിയിപ്പ്
ഒക്ടോബർ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
തീരദേശത്തും ജാഗ്രത; ഉയർന്ന തിരമാലയ്ക്ക് സാധ്യത
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം. കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് കടലാക്രമണത്തിനും സാധ്യതയുണ്ട്.
കന്യാകുമാരി തീരത്തും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. നാളെ രാത്രി 8.30 വരെ 0.9 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം
