കര്‍ണാടകയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ വീട്ടിലെ പൈപ്പില്‍ നിന്നും പണവും സ്വര്‍ണവും കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം അഴിമതി വിരുദ്ധ ബ്യൂറോയുടെ മിന്നല്‍ പരിശോധന. ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വസതികളില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത്. ഷിമോഗയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് അപൂര്‍വ ഇനം വിളക്കുകളും റവന്യൂ ഉദ്യോഗസ്ഥയുടെ വസതിയില്‍ നിന്ന് സ്വര്‍ണബിസ്‌ക്കറ്റും കണ്ടെത്തി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും പരിശോധന നടന്നു.

പരിശോധന ഭയന്ന് ചുമരിലെ പൈപ്പില്‍ പണവും സ്വര്‍ണവും സൂക്ഷിച്ച പിഡ്ബ്ല്യൂഡി എന്‍ഞ്ചിനീയര്‍ ശാന്തന ഗൗണ്ടറിലേക്കുള്ള അന്വേഷണം മറ്റ് ജീവനക്കാരിലേക്കും നീണ്ടു. അനധികൃതമായി സൂക്ഷിച്ച ലക്ഷകണക്കിന് രൂപയും സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വസതികളില്‍ നിന്ന് പിടിച്ചെടുത്തത്. ഷിമോഗയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നരസിംഹയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം വിളക്കുകള്‍ കണ്ടെടുത്തു. ഇയാളുടെ വീട്ടിലെ സീലിങ്ങില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപയും പിടിച്ചെടുത്തു.

മാണ്ഡ്യയിലെ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ സദാശിവയുടെ പേരിലുണ്ടായിരുന്ന ആറ് കാറുകള്‍ പിടിച്ചെടുത്തു. ബെളഗാവിയിലെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഹീരാജി പാട്ടീലിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ചിരുന്നത് 45 ലക്ഷം രൂപയാണ്. റവന്യൂ ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി സിംഹയുടെ വീട്ടിലെ ലോക്കറില്‍ നിന്ന് സ്വര്‍ണബിസ്‌ക്കറ്റുകളാണ് കണ്ടെടുത്തത്. ഒരേസമയം 72 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ബംഗ്ലൂരുവിലടക്കം ഏഴ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും ക്ലിനിക്കിലും നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടികൂടി. കര്‍ണാടക വികസന അതോറിറ്റിയില്‍ മാത്രം 550 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ കോടികളുടെ അഴിമതിയില്‍ ജീവനകാര്‍ക്കും കരാറുകാര്‍ക്കും പുറമേ രാഷ്ട്രീയ നേതാക്കളുടെ പങ്കും പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *