റാഞ്ചൽ ഭീഷണിയുണ്ടെന്ന സംശയത്തെത്തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതോടെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ 9.35ന് AI2030 വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 306 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിന് (എടിസി) ഹൈജാക്ക് സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. സുരക്ഷാ പരിശോധനകൾക്കായി വിമാനം വിമാനത്താവളത്തിലെ പ്രത്യേക ഐസലേഷൻ മേഖലയിലേക്ക് മാറ്റി.

വിമാനം റാഞ്ചുകയോ നിയമവിരുദ്ധമായി നിയന്ത്രണത്തിലാക്കപ്പെടുകയോ ചെയ്തതായി സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വ്യോമയാന കോഡായ സ്ക്വാക് 7500 പൈലറ്റ് ഏതാനും നിമിഷങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധമായിരിക്കാം മുന്നറിയിപ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിമാനത്താവള ഡയറക്ടർ ചരൺ സിങ് പറഞ്ഞു. എന്നാൽ, മുന്നറിയിപ്പിന് പിന്നിലെ കൃത്യമായ സാഹചര്യം സ്ഥിരീകരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *