തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദ്യം തെറ്റായ കാര്യങ്ങൾ പറയുക തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. വകുപ്പ് തലത്തിൽ ഒരന്വേഷണവും നടത്താതെ, ഒരു റിപ്പോർട്ടിൻ്റെയും പിൻബലമില്ലാതെ സർക്കാർ നേരിട്ട് ചില ആരോപണങ്ങൾ ഉയർത്തി മുൻവിധിയോടെ ഒരന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലൻസിനെ ദുരുപയോഗം ചെയ്യാനാണ് സർക്കാർ നീക്കം.
കേരളം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി വ്യവസായങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ആവശ്യത്തിന് ഭൂമി ലഭ്യമല്ലെന്നതാണ്. കണ്ണൂർ വിമാനത്താവളം പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതിന് പരിസരപ്രദേശങ്ങളിൽ വ്യവസായ പാർക്കുകളും അനുബന്ധ സൗകര്യങ്ങളും അനിവാര്യമാണ്. രണ്ടു പതിറ്റാണ്ട് മുൻപ് തുടക്കമിടുകയും യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടരുകയും ചെയ്ത നടപടിക്രമങ്ങളുടെ സ്വാഭാവികമായ തുടർച്ച മാത്രമാണ് ഭൂമി ഏറ്റെടുക്കൽ എന്നിരിക്കെ, ഇതിനെ പെട്ടെന്നുണ്ടായ ഏതോ ഗൂഢനീക്കമായി ചിത്രീകരിക്കുന്നത് ശുദ്ധ കാപട്യമാണ്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും ഫയലുകളും സർക്കാരിന്റെ പക്കൽ തന്നെയാണുള്ളത്. ഏതു പരിശോധനയ്ക്കും അവ കൃത്യമായി ലഭ്യമാണ്. കിഫ്ബി ധനസഹായം നൽകുന്ന ഏജൻസി മാത്രമാണെന്നിരിക്കെ, ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബിയാണെന്ന മട്ടിലുള്ള പ്രചാരണം തികച്ചും തെറ്റിദ്ധാരണാജനകമാണ്. റവന്യൂ വകുപ്പ് നിയമാനുസൃതമായി, 2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം (LARR Act) കർശനമായി പാലിച്ചുകൊണ്ടാണ് സ്പെഷ്യൽ തഹസിൽദാർമാർ വഴി ഈ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സർക്കാർ ഖജനാവിന് ബാധ്യത വരാതിരിക്കാൻ ആവശ്യമായ സാമ്പത്തിക ജാഗ്രത കൃത്യമായി പുലർത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി പരിശോധിച്ചാൽ തന്നെ വ്യക്തമാകും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി കിടക്കുന്ന അഞ്ഞൂറോളം ഏക്കർ ഭൂമി ഏറ്റെടുക്കുമ്പോൾ മുഴുവൻ സ്ഥലവും ഒരേ സ്വഭാവത്തിൽ കിടക്കുന്നതാവണമെന്നില്ല. കുന്നുകളും, സമതലവും, നെൽവയലുകളും, പറമ്പും, കുളങ്ങളും കല്ലുവെട്ടിയ കുഴികളും എല്ലാം ഉണ്ടാവാം. എന്നാൽ അത്തരത്തിൽ മൂല്യം കുറഞ്ഞ ഭൂമിക്ക് അങ്ങനെ അല്ലാത്ത ഭൂമിയുടെ 80 ശതമാനം വരെ വില കുറവു വരുത്തിക്കൊണ്ട് 25- 05- 2023 ന് തന്നെ ഉത്തരവിറക്കിയതായി സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വിജിലൻസ് അന്വേഷണത്തിന് വിട്ട ഉത്തരവിൽ പറയും പ്രകാരമുള്ള അത്രയും ഭൂമി ഏറ്റെടുക്കുകയോ, പണം ചിലവിടുകയോ ചെയ്തിട്ടില്ല എന്നും ഈ സർക്കാർ തന്നെ സമ്മതിച്ചു. നടപടിക്രമങ്ങൾ ആരംഭ ദിശയിൽ മാത്രമായ, ഏറ്റെടുത്തിട്ടില്ലാത്ത ഭൂമി കൂടി ചേർത്തതും ദുരൂഹമാണ്.
വസ്തുതകൾ ഇതായിരിക്കെ, യാതൊരു പ്രസക്തിയുമില്ലാത്ത വിജിലൻസ് അന്വേഷണ ഉത്തരവുകളിലൂടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ വികസന പ്രക്രിയയെ അട്ടിമറിക്കാനാണ്. ഇത്തരം അന്വേഷണ പ്രഹസനങ്ങൾ ഭാവിയിൽ സർക്കാർ മാറിയാൽ പൊതുആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ സ്വീകരിച്ച നടപടികളുടെ തുടർച്ച ഇല്ലാതാക്കും. ഭാവി വികസനത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ആവശ്യകത ഇല്ലെന്നാണ് ഈ സർക്കാരിൻ്റെ അഭിപ്രായമെങ്കിൽ നയപരമായി ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കാനല്ലേ തീരുമാനിക്കുക ?അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. അത് കൊണ്ട് തന്നെ അധിക സ്ഥലം ആവശ്യമില്ല എന്ന നിലപാട് ഈ സർക്കാരിനും ഇല്ല എന്ന് വ്യക്തമായിരിക്കെ, ആ ന്യായം പറഞ്ഞ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് വിചിത്രവും, ന്യായീകരണമില്ലാത്തതുമാണ്. കണ്ണൂരും പാലക്കാടും വ്യവസായങ്ങൾ വരുന്നത് തടസ്സപ്പെടുത്തുന്നതിലൂടെ ആ ജില്ലകളിലെ തൊഴിലവസരങ്ങളെയും സാമ്പത്തിക മുന്നേറ്റത്തെയുമാണ് ഇല്ലാതാക്കുന്നത്. സർക്കാർ മുൻകൈയെടുത്ത് വ്യാവസായിക പാർക്കുകൾക്കായി വ്യവസ്ഥാപിതമായി ഭൂമി സമാഹരിക്കുന്നത് മുടങ്ങിയാൽ അതിന്റെ പേരിൽ നഷ്ടമാവുന്നത് വ്യവസായ വികസനവും വളർച്ചയും തൊഴിലവസരങ്ങളുമാണ്.നാടിന്റെ ഭാവിയെ പണയം വെച്ചുകൊണ്ടുള്ള ഇത്തരം തരംതാണ രാഷ്ട്രീയ നാടകം സർക്കാർ അവസാനിപ്പിക്കണം പിണറായി വിജയൻ പറഞ്ഞു.
