അത്തർ കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപ്പന; രക്ഷപ്പെട്ട മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതം

കോഴിക്കോട്: നഗരത്തിൽ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ ലഹരിവേട്ട. 23 ഗ്രാമോളം എം.ഡി.എം.എയുമായി വടകര കോട്ടപ്പള്ളി സ്വദേശി ഹസീബിനെ പോലീസ് പിടികൂടി. പോലീസ് സംഘമെത്തുന്നതറിഞ്ഞ് രക്ഷപ്പെട്ട വടകര വേളം കിഴക്കേ പുത്തലത്ത് റാസിക്കിനായി തിരച്ചിൽ ഊർജിതമാക്കി.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് അർധരാത്രിയോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽനിന്ന് പ്രതിയെ പിടികൂടിയത്.

നഗരത്തിലെ വിവിധ ലോഡ്ജുകൾ വാടകയ്ക്കെടുത്ത് എം.ഡി.എം.എ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു. അത്തർ കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരിവിൽപ്പന. നഗരത്തിലെ യുവതികളും എം.ഡി.എം.എ വാങ്ങാൻ എത്താറുണ്ടെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്.

സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസ് നൽകിയ നിർദ്ദേശപ്രകാരം നാർക്കോട്ടിക് എ.സി.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം കോഴിക്കോട് സിറ്റി പരിധിയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം കുന്നമംഗലത്തുനിന്ന് നാലു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *